പ്രാർത്ഥിക്കാൻ എന്തെല്ലാം കാരണങ്ങൾ

പ്രാർത്ഥിക്കാൻ എന്തെല്ലാം കാരണങ്ങൾ

ഞാൻ പണ്ട് പ്രാർത്ഥിച്ചിരുന്നു. എൻറെ ഭയങ്ങൾ ആയിരുന്നു പ്രധാന കാരണം. അച്ഛൻറെയും അമ്മയുടെയും ആയുസ്, അനിയത്തിയുടെ രോഗം, എൻറെ പരീക്ഷകൾ… അങ്ങനെ പ്രാർത്ഥിക്കാൻ നിരവധി കാരണങ്ങളായിരുന്നു. നാട്ടിലെ ജീവിത നിലവാരത്തിലെ പൊതുവായ ഉയർച്ചയും അച്ഛൻറെയും അമ്മയുടെയും അദ്ധ്വാനവും അവരുടെ അച്ചടക്കമുള്ള ജീവിതവും അവരുടെ ആയുസ്സിനെപ്പറ്റി എനിക്കുള്ള ഭയം കുറയ്ക്കാൻ കാരണമായി. ശാസ്ത്രം കണ്ടെത്തിയ പുതിയ മരുന്നുകൾ അനിയത്തിയുടെ രോഗം നന്നായി നിയന്ത്രിച്ചു. പൂജകൾക്ക് ഒരിക്കലും കഴിയാതിരുന്ന കാര്യം! നല്ല സ്കൂളും ചില ട്യൂഷനും എൻറെ പരീക്ഷാഭയം മാറ്റിയെടുത്തു.

ഞാൻ പണ്ട് പ്രാർത്ഥിച്ചിരുന്നു. എൻറെ ഭയങ്ങൾ ആയിരുന്നു പ്രധാന കാരണം. അച്ഛൻറെയും അമ്മയുടെയും ആയുസ്, അനിയത്തിയുടെ രോഗം, എൻറെ പരീക്ഷകൾ… അങ്ങനെ പ്രാർത്ഥിക്കാൻ നിരവധി കാരണങ്ങളായിരുന്നു.

നാട്ടിലെ ജീവിത നിലവാരത്തിലെ പൊതുവായ ഉയർച്ചയും അച്ഛൻറെയും അമ്മയുടെയും അദ്ധ്വാനവും അവരുടെ അച്ചടക്കമുള്ള ജീവിതവും അവരുടെ ആയുസ്സിനെപ്പറ്റി എനിക്കുള്ള ഭയം കുറയ്ക്കാൻ കാരണമായി. ശാസ്ത്രം കണ്ടെത്തിയ പുതിയ മരുന്നുകൾ അനിയത്തിയുടെ രോഗം നന്നായി നിയന്ത്രിച്ചു. പൂജകൾക്ക് ഒരിക്കലും കഴിയാതിരുന്ന കാര്യം! നല്ല സ്കൂളും ചില ട്യൂഷനും എൻറെ പരീക്ഷാഭയം മാറ്റിയെടുത്തു. എങ്കിലും ഞാൻ അത്യാവശ്യം പ്രാർത്ഥന തുടർന്നു. വെറുതേയെന്തിന് ദൈവങ്ങളെ പിണക്കി പുലിവാല് പിടിക്കണം എന്ന പ്രായോഗിക ചിന്ത തന്നെ കാരണം. ഇനി പ്രാർത്ഥനയെപ്പറ്റി ഒരു കുമ്പസാരമുണ്ട്. ഞാൻ എൻറെ കാര്യം മാത്രമേ പ്രാർത്ഥിച്ചിട്ടുള്ളൂ. പക്ഷേ, അതൊരു തെറ്റാണെന്നെന്ന് പറയാൻ കഴിയില്ല. ഉദാഹരണത്തിന്, ആകെയുള്ള കുറച്ച് മെഡിക്കൽ സീറ്റിനായുള്ള എൻട്രൻസ്‌ പരീക്ഷയെഴുതുമ്പോൾ അടുത്തിരിക്കുന്ന വേറെ ഒരുത്തനോ അയൽവാസിക്കോ ഒക്കെ വേണ്ടി പ്രാർത്ഥിച്ച് റിസ്ക്‌ എടുക്കാൻ പറ്റുമോ? നല്ല കൂത്തായി.

പ്രാർത്ഥിച്ചിട്ടും മരണത്തെപ്പറ്റിയുള്ള എൻറെ ഭയം ബാക്കി നിന്നു. മെഡിസിൻ പഠിച്ചു തുടങ്ങിയപ്പോൾ ആ ഭയവും കുറെ മാറിക്കിട്ടി. ഭയന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവ് തന്നെ കാരണം. ഒരു ദിവസം ഉറപ്പായും മരിക്കുമെന്ന് നന്നായി മനസ്സിലായി. ദൈവത്തോട് ഏറ്റവും അടുപ്പമുള്ള പൂജാരിമാരും പള്ളീലച്ചന്മാരും മുക്ക്രിയുമൊക്കെ കണ്മുന്നിൽക്കിടന്നു മരിച്ചപ്പോൾ പിന്നെന്ത് മനസ്സിലാക്കാനാണ്? ഭക്തിയും പോലീസ് എസ്കോർട്ടുമുള്ള മന്ത്രിമാരും മരിക്കുന്നു. പിറ്റേ ദിവസം തന്നെ അടുത്തയാൾ സത്യപ്രതിജ്ഞ ചെയ്ത് ആ വലിയ വിടവും നികത്തി. പിന്നെയാണ് സാധാരണ മനുഷ്യരുടെ വിടവ്. സകല മക്കളും മരുമക്കളും ചെറുമക്കളും കുത്തിയിരുന്ന് അന്ത്യ കൂദാശ നല്കിയിട്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിക്കാതെ ഒർമ്മകെട്ടു കിടന്ന തൊണ്ണൂറ്റഞ്ചുകാരൻ വല്യപ്പൻറെ മുഖം ഇന്നും ഓർമ്മയുണ്ട്. ശരീരത്തിലെ സകല ദ്വാരങ്ങളിലൂടെയും കടത്തിവിട്ട ആശുപത്രിവക വാതകങ്ങളും ദ്രാവകങ്ങളും ആർക്കും വേണ്ടാത്ത ആ ആയുസ്സ് പിടിച്ചുനിർത്തി. എന്നാൽ, അടുത്ത കിടക്കയിൽ മെനിൻജൈയിറ്റിസ് ബാധിച്ചു കിടന്ന ദൃഡഗാത്രനായ ചെറുപ്പക്കാരൻറെ ജീവൻ അവൻറെ അമ്മയുടെയും സഹോദരങ്ങളുടെയും എല്ലാ പ്രാർത്ഥകളെയും വെട്ടിച്ച് കടന്നും കളഞ്ഞു.

എന്നാലും പ്രാർത്ഥിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ കണ്ഫ്യൂഷൻ തുടർന്നു. ചെറിയ പേടി തന്നെ കാരണം. ആയിടയ്ക്കാണ് മൈത്രേയൻ* ചേട്ടനെ പരിചയപ്പെട്ടത്‌. അദ്ദേഹത്തോട് അടുത്തപ്പോൾ പതിയെ ആ പേടി മാറി. പ്രാർത്ഥിച്ചാൽ ഫലം ഗാരന്റിയില്ലെന്ന് എനിക്ക് മനസ്സിലായിപ്പോയി. പ്രാർത്ഥിക്കുന്നവരുടെ എണ്ണവും പ്രാർത്ഥനയിലെ ആത്മാർത്ഥതയുമാണ് ഫലസിദ്ധിക്ക് നിദാനമെങ്കിൽ ഇന്ത്യക്കെങ്ങനെ ക്രിക്കറ്റ് മത്സരങ്ങളിൽ പരാജയപ്പെടാനാകുമെന്ന് അദ്ദേഹം ചോദിച്ചു. ഞാനുൾ പ്പെടെ നൂറുകോടിയല്ലേ ലീവെടുത്തും ക്ലാസ്സിൽ പോകാതെയും ടെലിവിഷന് മുന്നിൽ കുത്തിയിരുന്ന് പ്രാർത്ഥിക്കുന്നത്. എന്നിട്ട് കേരളത്തിൻറെ ജനസംഖ്യയില്ലാത്ത രാജ്യങ്ങളോടാണ് തോൽക്കുന്നത്. പ്രാർത്ഥന ഫലിക്കുമെങ്കിൽ എന്നെങ്കിലും ചൈന ക്രിക്കറ്റ് കളിച്ചു തുടങ്ങുമ്പോഴല്ലേ നമ്മൾ ഭയക്കേണ്ടതുള്ളൂ? എനിക്കതങ്ങ് മനസ്സിലായിപ്പോയി.

വീണ്ടും ഇന്നലത്തെ പ്രാർത്ഥനകൾ കണ്ടപ്പോൾ ഞാൻ ഇക്കാര്യം തന്നെ ആലോചിച്ചു പോയി. സെമിയിൽ ഇന്ത്യ ജയിക്കാനായി ഫേസ് ബുക്കിൽ ദൈവത്തിൻറെ പടങ്ങൾ സഹിതം പ്രാർത്ഥന പോസ്റ്റ്‌ ചെയ്ത ഒരു ഡോക്ടറോട് എനിക്ക് ദേഷ്യം തോന്നിയില്ല. പാവം മനുഷ്യൻ. പക്ഷേ, പണ്ട് ഹൗസ് സർജൻസിക്കാലത്ത് ആശുപത്രി വാർഡിൽ കേട്ട ഒരു സംഭാഷണം ഓർമ്മവന്നുപോയി. അത്യാവശ്യം പ്രശസ്തനായ ഒരു രോഗി. ശസ്ത്രക്രിയയ്ക്കായി കിടക്കുകയാണ്. സർജറി പ്രൊഫസറുടെ പരിചയക്കാരനായിരുന്നു അദ്ദേഹം. ഓപ്പറേഷൻറെ തലേ ദിവസം. പ്രൊഫസറുടെ റൌണ്ട്സിൻറെ ജാഥയിൽ ഞാനുമുണ്ട്.

“എൻറെ കഴിവിൻറെ പരമാവധി ഞാൻ ചയ്യും. ബാക്കി ഈശ്വരനോട് പ്രാർത്ഥിക്കുക”. പ്രൊഫസർ രോഗിയോട് പറഞ്ഞു.

“ഈശ്വരൻറെ കാര്യം ഇവൾ പൂജാരിയെ ഏല്പിച്ചിട്ടുണ്ട്”. അദ്ദേഹം തിരിഞ്ഞ് ഭാര്യയെ നോക്കി പറഞ്ഞു. “ഡോകടർ ഓപ്പറേഷൻറെ കാര്യം ശ്രദ്ധിച്ചോളൂ.”

പ്രൊഫസർ ചമ്മിയോ എന്നറിയില്ല. കാരണം സ്വന്തം ചമ്മൽ മൂലം എനിക്കദ്ദേഹത്തിൻറെ മുഖത്തേയ്ക്ക് നോക്കാനേ കഴിഞ്ഞില്ല.

Credit: Dr. SS Lal
Blog: http://drsslal.blogspot.com/

Keralam.com
ADMINISTRATOR
PROFILE

Posts Carousel

Leave a Comment

Your email address will not be published. Required fields are marked with *

Cancel reply

Check Weather

Tags