ഉച്ചഭക്ഷണത്തിലെ ജാതി അഥവാ ജാതിയറിയാത്ത വിശപ്പ്

ആറാം ക്ലാസ്സിൽ പഠിക്കുന്ന കാലം. തിരുവനന്തപുരത്തെ പേട്ട സ്കൂൾ. അവഗണനയുടെ സ്മാരകമായ മറ്റൊരു സർക്കാർ വിദ്യാലയം. ഇല്ലായ്മകളുടെ കലവറ. ആവശ്യത്തിന് അദ്ധ്യാപകരില്ല. ഉള്ളവർക്കാകട്ടെ യൂണിയൻറെയും സമരത്തിൻറെയും തിരക്കു കഴിഞ്ഞിട്ട് നേരവും കുറവ്. ഒരുപാട് വിദ്യാർത്ഥികൾ പാവപ്പെട്ട വീടുകളിൽ നിന്നു വന്നവർ. മുഖത്ത് ദാരിദ്ര്യത്തിൻറെ നിഴൽ വീണവർ. സ്കൂൾ വർഷം തുടങ്ങി അധികകാലമായിട്ടുണ്ടാവില്ല. അതുകൊണ്ടു മാത്രം കുറവുകൾക്കിടയിലും കുട്ടികളിൽ അത്യാവശ്യം ഉന്മേഷമുണ്ടായിരുന്നു. സ്കൂളിൻറെ തൊട്ടുപിന്നിലായിരുന്നു എൻറെ വീട്. വീടിനു മുന്നിലെ ചെറിയ റോഡിൻറെ മറുവശത്ത് നിന്നും ഒരു ഇടവഴിയുണ്ട്. അതിലൂടെ ഒരു നൂറടി നടന്നാൽ സ്കൂളിൻറെ പിൻഗേറ്റ്. മുറ്റത്തെ സർക്കാർ സ്കൂളിൽത്തന്നെ ഞാൻ പഠിച്ചാൽ

ആറാം ക്ലാസ്സിൽ പഠിക്കുന്ന കാലം. തിരുവനന്തപുരത്തെ പേട്ട സ്കൂൾ. അവഗണനയുടെ സ്മാരകമായ മറ്റൊരു സർക്കാർ വിദ്യാലയം. ഇല്ലായ്മകളുടെ കലവറ. ആവശ്യത്തിന് അദ്ധ്യാപകരില്ല. ഉള്ളവർക്കാകട്ടെ യൂണിയൻറെയും സമരത്തിൻറെയും തിരക്കു കഴിഞ്ഞിട്ട് നേരവും കുറവ്. ഒരുപാട് വിദ്യാർത്ഥികൾ പാവപ്പെട്ട വീടുകളിൽ നിന്നു വന്നവർ. മുഖത്ത് ദാരിദ്ര്യത്തിൻറെ നിഴൽ വീണവർ. സ്കൂൾ വർഷം തുടങ്ങി അധികകാലമായിട്ടുണ്ടാവില്ല. അതുകൊണ്ടു മാത്രം കുറവുകൾക്കിടയിലും കുട്ടികളിൽ അത്യാവശ്യം ഉന്മേഷമുണ്ടായിരുന്നു.

സ്കൂളിൻറെ തൊട്ടുപിന്നിലായിരുന്നു എൻറെ വീട്. വീടിനു മുന്നിലെ ചെറിയ റോഡിൻറെ മറുവശത്ത് നിന്നും ഒരു ഇടവഴിയുണ്ട്. അതിലൂടെ ഒരു നൂറടി നടന്നാൽ സ്കൂളിൻറെ പിൻഗേറ്റ്. മുറ്റത്തെ സർക്കാർ സ്കൂളിൽത്തന്നെ ഞാൻ പഠിച്ചാൽ മതിയെന്ന് അച്ഛൻ തീരുമാനിച്ചിരുന്നു. അക്കാര്യത്തിൽ അമ്മയുടെ വാശികൾക്കു മുന്നിൽ അച്ഛൻ പതറിയില്ല. കോണ്‍ഗ്രസുകാരനായിരുന്നെങ്കിലും അച്ഛൻ അക്കാലത്തെ കമ്മ്യൂണിസ്റ്റുകാരെപ്പോലെയാണ് പെരുമാറിയിരുന്നത്. വാടകവീടും സർക്കാർ സ്കൂളും ബസ് യാത്രയും ധനം സമ്പാദിക്കാതിരിക്കാൻ  മനപ്പൂർവമായ ശ്രമവും. ഒക്കെ അഭിമാനത്തിൻറെ അടയാളങ്ങൾ.

വിനയചന്ദ്രൻ എനിക്ക് നല്ലൊരു കൂട്ടുകാരനായിരുന്നു. ശാന്തൻ. സൗമ്യ സ്വഭാവം. പഠിക്കാൻ നല്ല താൽപര്യം. എന്നോടൊപ്പം കളിക്കാൻ കൂടിയിരുന്നു. അതിവേഗത്തിൽ ഓടാൻ കഴിവുണ്ട്, പക്ഷേ കളിച്ചാൽ പെട്ടെന്ന് ക്ഷീണിക്കും. നല്ല വെളുത്ത നിറമാണ്. അതിൽ വിളർച്ചയുടെ നിറം കൂടി കലർന്നിരുന്നു. അതുകൊണ്ടാവാം വെള്ളപ്പാറ്റയെന്ന മറ്റൊരു പേരുമുണ്ടായിരുന്നത്. കുട്ടികൾ രണ്ടാം പേരു വിളിച്ചാൽ വഴക്കിടാത്ത അപൂർവം പേരിലൊരാൾ.

പന്ത്രണ്ടരയ്ക്ക് ഉച്ചഭക്ഷണത്തിൻറെ ബെല്ലടിക്കും. കുട്ടികൾ കൂകി വിളിച്ച് ക്ലാസ്സിനു പുറത്തേയ്ക്കോടും. മലവെള്ളപ്പാച്ചിൽ പോലെ. സ്കൂളിൽ നിന്നും ഉച്ചക്കഞ്ഞി കഴിക്കാനുള്ളവരാണ് ആദ്യം ക്ലാസ്സിനു പുറത്തുചാടുക, ക്യൂവിൻറെ മുന്നിൽത്തന്നെ സ്ഥാനം കിട്ടാൻ. വീട്ടിൽപ്പോയി ഭക്ഷണം കഴിക്കുന്നവരും തിരക്കിട്ട് ഓടും, ഞാനും അങ്ങനെ ഓടിയിരുന്നു. ഊണു കഴിഞ്ഞ് വേഗം തിരികെയെത്താൻ. ഭക്ഷണ ശേഷം അരമണിക്കൂറാണ് ആകെ കളിക്കാൻ കിട്ടുക. തിരിച്ചു വരുമ്പോഴേക്കും ടീം തിരിച്ചു് കളി തുടങ്ങിക്കാണും. പിന്നെ ഓടാതെന്തു ചെയ്യും? അകലെ നിന്നു വരുന്ന കുറച്ചു കുട്ടികൾ മാത്രം വീട്ടിൽ നിന്നും ഭക്ഷണപ്പൊതി  കൊണ്ടുവന്നിരുന്നു. കളിക്കാൻ അവർക്ക് കൂടുതൽ സമയവും കിട്ടിയിരുന്നു.

ഊണ് കഴിഞ്ഞ്  ഞാനെത്തുമ്പോൾ വിനയചന്ദ്രൻ പതിവായി സ്കൂളിൻറെ ഗേറ്റിനടുത്ത് എന്നെ കാത്തുനിന്നിരുന്നു. അവനും ഭക്ഷണം കഴിക്കാൻ വീട്ടിൽ പോയിട്ടു വരുന്നതാവുമെന്ന് ഞാൻ കരുതി.

ഉച്ചയ്ക്ക് എൻറെ വീട്ടിൽ ആരുമില്ലാതിരുന്ന ഒരു ദിവസം. അന്ന് ഞാനും സ്കൂളിലേയ്ക്ക് ഭക്ഷണപ്പൊതി കൊണ്ടുവന്നു. മറ്റുള്ള കുട്ടികൾക്കൊപ്പം തിരക്കിട്ടു ഭക്ഷണം കഴിച്ചിട്ട് കളിക്കാൻ പുറത്തിറങ്ങുമ്പോൾ ഞങ്ങളുടെ ക്ലാസ്സിൻറെ ഭാഗത്തുനിന്ന് കുറച്ചുമാറി വിനയചന്ദ്രൻ നിൽക്കുന്നു. ഞാൻ അടുത്തുചെന്നപ്പോൾ അവൻ എന്തോ ഒളിക്കാൻ ശ്രമിക്കുന്നത് ഞാനറിഞ്ഞു. വീട്ടിൽ  പോയില്ലേ എന്ന ചോദ്യത്തിൽനിന്നവൻ ഒഴിഞ്ഞുമാറി. പിന്നെ ഞങ്ങൾ പതിവുപോലെ കളിക്കാൻ പോയി.

അന്നും കുറച്ചു നേരം കളിച്ചപ്പോൾ അവൻ ക്ഷീണിച്ചു. അവൻ തിരികെ പോയി സ്കൂൾ വരാന്തയുടെ തിട്ടയിൽ കയറിയിരുന്നു വിശ്രമിച്ചു. മറ്റുള്ളവരുടെ കളികണ്ടിരുന്നു. ഞാൻ പതുക്കെ അവൻറെയടുത്തു ചെന്നു. അവൻ  വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. എന്താണ് പ്രശ്നമെന്ന് ഞാൻ ചോദിച്ചു. അവൻറെ കണ്ണുകൾ  നിറയുന്നത് ഞാൻ കണ്ടു. കണ്ണീര് എന്നിൽ നിന്നുമൊളിപ്പിക്കാൻ അവൻ പതിയെ മുഖം കുനിച്ചു. പക്ഷെ അവൻറെ ആവശ്യം തിരിച്ചറിയാതെ കുറെയേറെ കണ്ണീർത്തുള്ളികൾ ഉടുപ്പിലും നിക്കറിലും വീഴുന്നത് ഞാൻ കണ്ടു. ഞാൻ അവൻറെ മുഖം പിടിച്ചുയർത്തി. “നിനക്ക് സുഖമില്ലേ? വാസുദേവൻ സാറിനോട് നമുക്ക് പോയി പറയാം.” ഞാൻ അവൻറെ  കയ്യിൽ പിടിച്ചു വലിച്ചു.

“വേണ്ട, സാറിനോടൊന്നും പറയണ്ട. എനിക്കസുഖമൊന്നും ഇല്ല”. അതു  പറയുമ്പോൾ അവൻ പക്ഷേ വിതുമ്പിപ്പോയി.

“പിന്നെന്തിനാണ് നീ കരയുന്നത്?” എന്തോ പന്തികേടുണ്ടെന്ന് എനിക്ക് മനസ്സിലായി.

“എനിക്ക് വിശക്കുന്നു”. അതുപറഞ്ഞ് അവൻ പൊട്ടിക്കരഞ്ഞു.

എനിക്ക് എന്തുചെയ്യണമെന്നറിയാതായി. ഞാൻ വിചാരിച്ചാൽ എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നമല്ല. അന്നത്തെ ദിവസം ഉച്ചയ്ക്ക് എൻറെ വീട്ടിലും  ആരുമില്ല. കൊണ്ടുവന്ന ഭക്ഷണം കഴിച്ചുംപോയി. എൻറെ വിഷമം കണ്ടപ്പോൾ വിനയചന്ദ്രൻ പറഞ്ഞു. “വിഷമിക്കണ്ട, ഇതാദ്യമല്ല. ഒരു ദിവസവും ഞാൻ ഉച്ചയ്ക്ക് വീട്ടിൽ പോകാറില്ല”. ക്ലാസ്സിനുള്ളിൽ എല്ലാവരും ഉണ്ണുമ്പോൾ അവൻ മാറി നിൽക്കും. മറ്റാരും കാണാതിരിക്കാനും പിന്നെ ഭക്ഷണത്തിൻറെ  മണം കിട്ടാതിരിക്കാനും. കാലത്ത് ഇളയമ്മയുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കും. ഉച്ചയ്ക്ക് വേണ്ടിയുള്ളതു കൂടി കാലത്തു തന്നെ കഴിച്ചോളാൻ അച്ഛൻ പറയും. പക്ഷേ അതിനുംവേണ്ടി ഭക്ഷണം അവിടെയുണ്ടാവില്ല. അവിടെയും കുട്ടികൾ ഉണ്ട്.

“നിനക്ക് സ്കൂളിലെ കഞ്ഞി കുടിച്ചൂടേ?” ഞാൻ ചോദിച്ചു.

“അത് പാവപ്പെട്ടവർക്കുള്ളതാ, കഴിക്കരുതെന്ന് അച്ഛൻ പറഞ്ഞു.”

“നിങ്ങൾ പാവപ്പെട്ടവരല്ലേ?” അറിയാതെ ഞാൻ ചോദിച്ചുപോയി. അതിനവൻ മറുപടി പറയാതെ കുനിഞ്ഞിരുന്നു.

ഭക്ഷണമില്ലാത്തവരെപ്പറ്റി ഞാൻ അതിനുമുമ്പും കേട്ടിട്ടുണ്ടായിരുന്നു. പട്ടിണിക്കാരെ കണ്ടിട്ടുമുണ്ടായിരുന്നു. അക്കാലത്ത് എൻറെ പിറന്നാളിന് അമ്മ പാവപ്പെട്ടവർക്കായി സദ്യ വിളമ്പിയിരുന്നു. ഞങ്ങളുടെ വീടിനു മുന്നിൽ ആ പിറന്നാൾ ദിവസങ്ങളിലെ തിക്കും തിരക്കും നഗരത്തിലെ ദാരിദ്ര്യത്തിൻറെ നേർചിത്രമായിരുന്നു. കൈയിൽ രണ്ടും മൂന്നും വലിയ പാത്രങ്ങളുമായി വന്ന കുട്ടികൾ. വീട്ടിലുള്ള അവരുടെ കുഞ്ഞനിയനും അനിയത്തിക്കും കൂടി വേണമെന്നു പറഞ്ഞ് തർക്കിച്ച്‌ അവർ  ഭക്ഷണം വാങ്ങുന്നത് മറക്കാനാവാത്ത ഓർമ്മ. ആ കുട്ടികളിൽ പലരും എൻറെ പ്രായക്കാരായിരുന്നു. ഞാനും അനിയത്തിയും ഭക്ഷണം കഴിക്കുമ്പോൾ ആഹാരം പാത്രത്തിനു പുറത്തു വീണാൽ അമ്മ ഞങ്ങളെ ഓർമ്മിപ്പിക്കുന്ന കാര്യം അതായിരുന്നു. ഒരുനേരത്തെ ആഹാരത്തിനായി നിങ്ങളുടെ പ്രായക്കാരായ കുട്ടികൾ നമ്മുടെ വീടിനു മുന്നിൽ കാത്തുനിന്നത് മറക്കരുതെന്ന്. പാത്രത്തിനു  പുറത്ത് ഭക്ഷണം വീണാൽ എക്കാലത്തും ആ വാക്കുകൾ ചെവിയിൽ മുഴങ്ങിയിരുന്നു.

അന്നു  വൈകുന്നേരം ഓഫീസു കഴിഞ്ഞുവന്ന അമ്മയോട്‌  ഞാൻ വിനയചന്ദ്രൻറെ വിവരം പറഞ്ഞു. അമ്മ പെട്ടെന്ന് പരിഹാരം കണ്ടെത്തി. അതിനെന്താ, ഇനി മുതൽ ഉച്ചയ്ക്ക് വരുമ്പോൾ അവനേം വിളിച്ചോണ്ടുവാ. ഇവിടന്ന് ഉണ്ടോട്ടെ അവൻ. കുഞ്ഞമ്മയ്ക്കും സഹായി ഓമനച്ചേച്ചിക്കും അമ്മ അപ്പോൾത്തന്നെ വേണ്ട നിർദ്ദേശവും കൊടുത്തു. സമ്പന്ന കർഷക കുടുംബത്തിൽ ജനിച്ച അമ്മയ്ക്ക് ആർക്കെങ്കിലും ഭക്ഷണം കൊടുക്കുന്നത് സന്തോഷമുള്ള കാര്യമായിരുന്നു. അമ്മയുടെ ഓഹരിയായി നാട്ടിൽ  ഉണ്ടായിരുന്ന നെൽകൃഷി നോക്കിനടത്തിയിരുന്ന അമ്മാവൻ ഞങ്ങൾക്ക് ആവശ്യമുള്ളതിലുമധികം അരി വീട്ടിൽ എത്തിച്ചിരുന്നു.

മൂന്നോ നാലോ ദിവസം വിനയചന്ദ്രൻ എൻറെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചുകാണും. പെട്ടെന്ന് ഒരു ദിവസം രാവിലെ അവൻ എൻറെയടുത്തു വന്നു ചോദിച്ചു. “നിൻറെ  ജാതി ഏതാ?

“അറിയില്ല. അമ്മയോട് ചോദിച്ച്  പറയാം. എന്തിനാ?” ഞാൻ ചോദിച്ചു.

“ഞങ്ങൾ കൂടിയ ജാതിയാ. ഞങ്ങടെ ജാതിക്കാരല്ലെങ്കിൽ നിൻറെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കരുതെന്ന് ഇളയമ്മ പറഞ്ഞു.” എന്നിട്ട് അവൻ അവൻറെ ജാതി എന്നോടു  പറഞ്ഞു. ഞാൻ എൻറെ ജാതി കണ്ടു പിടിച്ച് വരുമ്പോഴേയ്ക്കും ഉച്ചഭക്ഷണം ഇല്ലാതാകുമോ എന്ന ആശങ്ക അവൻറെ മുഖത്ത് ഉണ്ടായിരുന്നെന്ന് എനിക്കുതോന്നി.

“നിനക്ക് എങ്ങനെ നിൻറെ ജാതി മനസ്സിലായി?” ഞാൻ അവനോടു ചോദിച്ചു.

“ഇന്ന് രാവിലെ ഇളയമ്മ പറഞ്ഞു തന്നു.”

അന്ന് രാത്രി ഞാനും അനിയത്തിയും ഭക്ഷണം കഴിക്കുകയായിരുന്നു. ഏതോ ഫയൽ നോക്കിക്കൊണ്ടിരുന്ന അച്ഛനെ കാത്ത് അമ്മ കഴിക്കാതെ ഞങ്ങൾക്കൊപ്പമിരുന്നു.

“അമ്മേ  നമ്മൾ ഏത്  ജാതിയാ?” എൻറെ ചോദ്യം കേട്ട് അമ്മ എന്നെയൊന്ന് തുറിച്ചുനോക്കി. എന്നിട്ട് എന്തോ ഉത്തരം പറയാൻ തുടങ്ങുകയായിരുന്നു. പെട്ടെന്നാണ് അച്ഛൻറെ ഉത്തരം വന്നത്. “നമ്മൾ മനുഷ്യ ജാതി.” അച്ഛൻറെ ശ്രദ്ധ ഫയലിൽ മാത്രമാണെന്നാണ് ഞാൻ അതുവരെ കരുതിയത്.

“ആരാ കൂടിയ ജാതി?” ഞാൻ അച്ഛനെ നോക്കി ചോദിച്ചു.

“ജാതി പറയാത്തവർ”. അച്ഛൻറെ  മറുപടി പെട്ടെന്നായിരുന്നു.

എനിക്കൊന്നും മനസ്സിലായില്ല. “അപ്പോൾ ആരാ കുറഞ്ഞ ജാതി?”

“ജാതി പറയുന്നവർ”. ആ മറുപടിയും പെട്ടെന്നായിരുന്നു.

“ഇങ്ങനെ പറഞ്ഞാലൊന്നും കുട്ടികൾക്ക്  മനസ്സിലാകില്ല”. അമ്മ ഇടപെട്ടു.

“കുട്ടികൾ ഇപ്പോൾ ഇത്രയും മനസ്സിലാക്കിയാൽ മതി. വലുതാവുമ്പോൾ എല്ലാം അറിഞ്ഞോളും. ഇപ്പഴേ നശിപ്പിക്കണ്ടാ.” അച്ഛൻ അല്പം ഗൗരവത്തിലാണത് പറഞ്ഞത്. ഒന്നും മനസ്സിലാകാതെ ഞാനും അനിയത്തിയും ഇരുന്നു.

ജാതി ചോദിക്കാനുണ്ടായ കാര്യം പതുക്കെ രഹസ്യമായി ഞാൻ അമ്മയോടു  പറഞ്ഞു. വിനയചന്ദ്രനെ ഭക്ഷണത്തിന് വീണ്ടും വീട്ടിൽ കൊണ്ടുവരാൻ കഴിയുമോ എന്നായിരുന്നു എനിക്കറിയേണ്ടിയിരുന്നത്. എനിക്കെൻറെ ജാതിയും അറിയണമായിരുന്നു.

“പാവം കുട്ടി. അരിയുടെ ജാതി അറിയില്ലെന്ന് അവനോട് നീ പറയ്‌. ചോറ് എല്ലാ ജാതിക്കാർക്കും കഴിക്കാമെന്നും. അതുകേൾക്കുമ്പോൾ അവൻ വന്ന്  ഭക്ഷണം കഴിച്ചോളും.” അമ്മ കൂടുതൽ വിശദീകരിച്ചില്ല.

Credit : Dr. SS Lal

http://drsslal.blogspot.com/

Lal Sadasivan
BLOG_EDITOR
PROFILE

Posts Carousel

Leave a Comment

Your email address will not be published. Required fields are marked with *

Cancel reply

Check Weather

Tags